റിയാദ് : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം പള്ളികളിൽ മഴക്കുവേണ്ടിയുള്ള പ്രാർത്ഥന നടന്നു. ഇന്ന്(വ്യാഴം) രാവിലെ സുബ്ഹി നമസ്കാരത്തിനു ശേഷമാണ് മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടന്നത്. മക്കയിലെ വിശുദ്ധ ഹറമിൽ ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സർവശക്തന്റെ സഹായവും മഴയും ലഭിക്കാൻ എല്ലാവരും പാപമോചനത്തിനു വേണ്ടി ധാരാളമായി പ്രാർഥിക്കണമെന്നും ദൈവത്തിന്റെ അടിമകൾക്ക് നന്മകൾ ചെയ്യണമെന്നും ദാനധർമങ്ങളും നമസ്കാരങ്ങളും ദൈവിക പ്രകീർത്തനങ്ങളും അടക്കമുള്ള ഐച്ഛിക ആരാധനാ കർമങ്ങൾ ധാരാളമായി നിർവഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തിരുന്നു. കഴിയുന്ന എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്കാരം നിർവഹിക്കാൻ ശ്രദ്ധിക്കണമെന്നും സൽമാൻ രാജാവിന്റെ ആഹ്വാനത്തിലുണ്ടായിരുന്നു.
രാജ്യത്തെ മുഴുവൻ ജുമാമസ്ജിദുകളിലും നമസ്കാര സ്ഥലങ്ങളിലും സൂര്യോദയം പൂർത്തിയായി 15 മിനിറ്റിനു ശേഷമാണ് മഴക്കു വേണ്ടിയുള്ള നമസ്കാരം നിർവഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചിരുന്നു. ഈ മഹത്തായ പ്രവാചകചര്യയെ കുറിച്ച് വിശ്വാസികളെ ഉണർത്താനും മഴക്കു വേണ്ടിയുള്ള നമസ്കാരം നിർവഹിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും ഇമാമുമാർക്കും പ്രബോധകർക്കും മന്ത്രി നിർദേശം നൽകിയിരുന്നു
Comments are closed.