ഉത്തര സൗദിയിൽ അതിശൈത്യം, തുറൈഫിൽ താപനില ഒരു ഡിഗ്രി  

അറാർ : ഉത്തര സൗദി അറേബ്യ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്നു രാവിലെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര സൗദിയിലെ നഗരങ്ങളിലാണ്. തുറൈഫിൽ ഒരു ഡിഗ്രിയും ഖുറയ്യാത്തിൽ രണ്ടു ഡിഗ്രിയും അറാറിൽ മൂന്നു ഡിഗ്രിയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ തബൂക്ക്, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യ, ഹായിൽ, അൽഉല, ഖൈബർ എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇവിടങ്ങളിൽ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി മുതൽ മൈനസ് ഒരു ഡിഗ്രി വരെയായിരിക്കും. തബൂക്ക് പ്രവിശ്യയിൽ പെട്ട ജബൽ അല്ലോസ്, അൽഖാൻ, അൽദഹർ എന്നിവിടങ്ങളിലും അൽജൗഫിലും ഉത്തര അതിർത്തി പ്രവിശ്യയിലും നേരിയ തോതിലുള്ള മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

Comments are closed.