ജിദ്ദ : ഗതാഗത സുരക്ഷാ നിലവാരം ഉയർത്താനും ഗതാഗത മേഖലയിൽ നിയമപാലനം പ്രോത്സാഹിപ്പിക്കാനും ശ്രമിച്ച് ബസുകളുടെയും ലോറികളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഏപ്രിൽ 21 മുതൽ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ചരക്ക് നീക്കം, ലോറി വാടക, അന്താരാഷ്ട്ര ബസ് സർവീസ്, ബസ് വാടക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോറികളും ബസുകളുമാണ് ഓട്ടോമാറ്റിക് രീതിയിൽ നീക്ഷിക്കുക. ഓപ്പറേറ്റിംഗ് കാർഡ് നേടാതെയും കാലാവധി തീർന്ന ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ചും ബസുകളും ലോറികളും പ്രവർത്തിപ്പിക്കൽ, ബസുകളുടെ പ്രവർത്തന കാലാവധി അവസാനിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുക.
പൊതുസുരക്ഷ കാത്തുസൂക്ഷിക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും, ബസുകൾക്കും ട്രക്കുകൾക്കുമുള്ള സാങ്കേതിക വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഗുണനിലവാരവും നിയമപാലന തോതും വർധിപ്പിക്കാനും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സ്ട്രാറ്റജി ലക്ഷ്യങ്ങൾ കൈവരിക്കാനും നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിക്കുന്നത് സഹായിക്കും.
ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ മേൽനോട്ട പരിധിയിൽ വരുന്ന വാഹനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം മൂന്നു ഘട്ടമായാണ് നടപ്പാക്കുന്നത്. ടാക്‌സി കാറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി പിഴ ചുമത്താൻ തുടങ്ങിയത്. 2022 മാർച്ച് 13 മുതൽ ഇത് പ്രാബല്യത്തിൽവന്നു. എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ ബസുകൾ രണ്ടാം ഘട്ടത്തിൽ പദ്ധതി പരിധിയിൽ വന്നു. 2023 ഫെബ്രുവരി മുതലാണ് ഇത്തരം ബസുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്താൻ തുടങ്ങിയത്.
Comments are closed.