സൗദിയില്‍ ഇഖാമ നിയമം ലംഘിച്ച 18,000 ലേറെ പേര്‍ക്ക് ശിക്ഷ; അഭയം നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്

ജിദ്ദ : ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം സ്വദേശികളും വിദേശികളും അടക്കം 18,762 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു.

ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ ലഭിച്ചത്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് തഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.

Comments are closed.