ജിദ്ദയില്‍നിന്ന് മുംബൈയിലേക്ക് ഫ്‌ളൈ നാസ് സര്‍വീസ് ആരംഭിച്ചു  

ജിദ്ദ : മുംബൈ ഡയറക്ട് സര്‍വീസ് ആരംഭിച്ചു. ഇതോടൊപ്പം എരിത്രിയയുടെ തലസ്ഥാനമായ അസ്മറയിലേക്കും ജിദ്ദയില്‍ നിന്ന് ഫ്‌ളൈ നാസ് ഡയറക്ട് സര്‍വീസിന് തുടക്കം കുറിച്ചു. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ജിദ്ദ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്‌ളൈ നാസ് പ്രതിനിധികളും ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി പ്രതിനിധികളും പങ്കെടുത്തു. ഈ മാസം 15 മുതലാണ് ഫ്‌ളൈ നാസ് ജിദ്ദ-മുംബൈ സര്‍വീസ് ആരംഭിച്ചത്.

തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് ജിദ്ദക്കും മുംബൈക്കുമിടയില്‍ കമ്പനി നടത്തുന്നത്. ഇന്നു മുതല്‍ അസ്മറ സര്‍വീസിനും കമ്പനി തുടക്കമിട്ടു. ജിദ്ദക്കും അസ്മറക്കുമിടയില്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്.

ദേശീയ വ്യോമയാന തന്ത്രത്തിന് അനുസൃതമായാണ് ഫ്‌ളൈ നാസ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്. 2030 ഓടെ സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും പ്രതിവര്‍ഷം സൗദിയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പത്തു കോടിയായും ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു.

Comments are closed.