ജിദ്ദ : 2023-ൽ ഉംറ നിർവഹിച്ച തീർഥാടകരുടെ എണ്ണം 13.55 ദശലക്ഷത്തിൽ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. 2019-നെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ സൂപ്പർഡോമിൽ നടന്ന മൂന്നാം വാർഷിക ഹജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് നാല് ദിവസത്തെ സമ്മേളനം നടക്കുന്നത്.
കഴിഞ്ഞ വർഷം ഹജ് സീസണിൽ വിദേശത്ത് തീർഥാടകർക്ക് സേവനം നൽകുന്ന കമ്പനികളുടെ എണ്ണം ആറിൽനിന്ന് 20 ആയി വർധിപ്പിച്ചു. ഈ വർഷം ഹജ് കമ്പനികൾക്ക് കൂടുതൽ ലൈസൻസ് നൽകി. ഇതോടെ മൊത്തം ഹജ് സേവന കമ്പനികളുടെ എണ്ണം 35 ആയി. ഹജ് ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ ഹജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും സംഘടനാ ക്രമീകരണങ്ങൾക്കുള്ള രേഖകൾ വിദേശ രാജ്യങ്ങൾക്ക് കൈമാറുകയും ചെയ്തു.
ഹജ് കരാറുകൾ നേരത്തെ തയാറാക്കുന്ന രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. അത്തരം രാജ്യങ്ങൾക്ക് പുണ്യസ്ഥലങ്ങളിൽ സ്വന്തം ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സൗദി അറേബ്യ 5 ബില്യൻ റിയാലിലധികം രൂപയുടെ പദ്ധതികൾ ആരംഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
Comments are closed.