റിയാദ് ചേംബർ ബോർഡ്: മത്സര രംഗത്ത് 14 വനിതകളടക്കം 102 പേർ, ഒരാൾ ഗൾഫ് വ്യവസായി

റിയാദ് : റിയാദ് ചേംബർ ഓഫ് കൊമേഴ്സ്ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 102 പേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തിൽ പതിനാലു പേർ വനിതകളാണ്. ഒരു ഗൾഫ് വ്യവസായിയും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിർദേശ പത്രികകൾ തെരഞ്ഞെടുപ്പ് സൂപ്പർവൈസറി കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്തി സ്ഥാനാർഥികളുടെ അന്തിമ പട്ടിക ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. ഇതിനു ശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

ചേംബർ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുന്നവർക്ക് ബിസിനസ് മേഖലയിൽ പത്തു വർഷത്തിൽ കുറയാത്ത പരിചയസമ്പത്ത് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ബാച്ചിലർ ബിരുദമോ തത്തുല്യ ബിരുദമോ നേടിയവർക്ക് അഞ്ചു വർഷത്തിൽ കുറയാത്ത പരിചയസമ്പത്ത് മതി. ചേംബർ വരിസംഖ്യ കൃത്യമായി അടച്ചവരായിരിക്കണമെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും കൊമേഴ്സ്യൽ രജിസ്ട്രേഷൻ കാലാവധിയോടെ പ്രാബല്യത്തിലുണ്ടായിരിക്കണമെന്നും മറ്റൊരു ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗമായിരിക്കരുതെന്നും സ്ഥാനാർഥികളുടെ കൂട്ടത്തിൽ ബന്ധുവുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥകളുണ്ട്.

Comments are closed.