ഹിറ ഗുഹാപാത: ആദ്യഘട്ട നവീകരണം പൂർത്തിയായി

മക്ക : കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ കയറാനായി ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പദ്ധതിപൂർത്തീകരണത്തിന്റെ ഉദ്ഘാടനം മക്കയിൽ നടന്നു.

മക്കയിലെ ഹിറ കൾച്ചറൽ ജില്ലയിൽനിന്നുള്ള പ്രതിനിധികൾ ഹിറ നവീകരണപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായവിവരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഖുർആൻ ആദ്യ വാക്യങ്ങൾ അവതരിച്ച, ഇസ്‌ലാംമത വിശ്വാസികൾ പ്രാധാന്യംകല്പിക്കുന്ന സ്ഥലമാണ് ഹിറ ഗുഹ. ഉംറ, ഹജ്ജ് തീർഥാടകർക്ക് വൈജ്ഞാനിക അറിവ് നൽകുന്നതിനുള്ള ‘സൗദി വിഷൻ 2030’ന്റെ ഭാഗമാണ് ഹിറാ ഗുഹാ നവീകരണപദ്ധതി.

ആദ്യഘട്ടം പൂർത്തിയായതോടെ ഗുഹയിലേക്കുള്ള കയറ്റം കൂടുതൽ എളുപ്പമാകും. ഹിറയിൽ വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് ഹിറ കൾച്ചറൽ ഡിസ്ട്രിക്ടിന്റെ ഡിവലപ്പറും ഓപ്പറേറ്ററുമായ ഫവാസ് അൽ മെഹ്രിജ് പറഞ്ഞു.

പഴയപാതയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താതെയാണ് പുതിയ പാതാ നിർമാണം. വെളിച്ചം, നിരീക്ഷണക്യാമറകൾ, മാർഗനിർദേശകേന്ദ്രം എന്നിവയും പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി റോഡിന്റെ വശങ്ങളിൽ തടയണകൾ, സന്ദർശകരെ നിശ്ചിതസ്ഥലത്തേക്ക് കൊണ്ടുപോകാൻ വാഹനങ്ങൾക്കുള്ള സൗകര്യം എന്നിവയും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൽനടയാത്രക്കാർക്കും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കാൽനടയാത്രക്കാർക്കായി 40 മിനിറ്റ് ദൈർഘ്യമുള്ള മറ്റൊരുപാതയും ഹിറയിൽ നിർമിച്ചിട്ടുണ്ട്. വേഗത്തിൽ തുടർഘട്ടങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.

എമർജൻസി വാഹനങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, മ്യൂസിയങ്ങൾ എന്നിവയുമൊരുക്കിയിട്ടുണ്ട്. മക്ക ഹറം സിറ്റിക്കും മറ്റു പുണ്യസ്ഥലങ്ങൾക്കുമായുള്ള റോയൽ കമ്മിഷനാണ് തീർഥാടകർക്കുള്ള സൗകര്യങ്ങളുടെ മേൽനോട്ടം.

Comments are closed.