സ്പെയർപാർട്സ് എത്തിച്ചില്ല; സൗദിയിൽ കാർ ഏജൻസിക്ക് 50,000 റിയാൽ പിഴ

ജിദ്ദ :  നിയമാനുസൃത സമയത്തിനകം സ്പെയർപാർട്സ് ലഭ്യമാക്കാൻ സാധിക്കാത്തതിന് ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന കാർ ഏജൻസിക്ക് വാണിജ്യ മന്ത്രാലയം 50,000 റിയാൽ പിഴ ചുമത്തി. വിരളമായി മാത്രം ആവശ്യമുള്ള സ്പെയർപാർട്‌സ് വാഹന ഏജൻസികൾ പതിനാലു ദിവസത്തിനകം ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. കാർ ഏജൻസികളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പതിവ് പരിശോധനകൾക്കിടെ ഏജൻസികളിൽ ഒന്നിന്റെ ഭാഗത്ത് നിയമ ലംഘനം കണ്ടെത്തുകയായിരുന്നു.

 

നിയമാനുസൃത സമയത്തിനകം സ്പെയർപാർട്‌സ് ലഭ്യമാക്കാത്ത ഏജൻസിക്കെതിരായ കേസ് കൊമേഴ്സ്യൽ ഏജൻസി നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് മന്ത്രാലയം പിന്നീട് കൈമാറി. പ്രാഥമികാന്വേഷണ റിപ്പോർട്ടും സാങ്കേതിക റിപ്പോർട്ടുകളും ഏജൻസിയുടെ വിശദീകരണവും പരിശോധിച്ച കമ്മിറ്റി ഏജൻസിക്ക് 50,000 റിയാൽ പിഴ ചുമത്താൻ തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രാലയം അറിയിച്ചു.

Comments are closed.